ക്വാണ്ടം കമ്പ്യൂട്ടിങ് (Quantum computing) സംവിധാനം പരിഷ്ക്കരിച്ച് ടെക് ഭീമനായ ഗൂഗിൾ. അടുത്ത തലമുറയിൽപ്പെട്ട ( next-generation) ‘വില്ലോ’ എന്ന ക്വാണ്ടം ചിപ്പാണ് (Willow quantum computing chip) ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള കമ്പനിയുടെ ക്വാണ്ടം ലാബിൽ വികസിപ്പിച്ചെടുത്തതാണ് ഈ പുതിയ ചിപ്പ്. സൂപ്പർ കമ്പ്യൂട്ടറുകൾക്ക് കോടിക്കണക്കിന് വർഷങ്ങൾക്കൊണ്ട് മാത്രം ഉത്തരം നൽകാൻ കഴിയുന്ന ഗണിതക്രിയക്ക് അഞ്ച് മിനിട്ടു കൊണ്ട് പുതിയ ചിപ്പ് ഉത്തരം നൽകുമെന്നാണ് ഗൂഗിളിൻ്റെ അവകാശവാദം.
ക്വാണ്ടം ചിപ്പ് എന്നത് ആറ്റങ്ങൾ പോലുള്ള വളരെ ചെറിയ കണങ്ങളുടെ ശാസ്ത്രമായ ക്വാണ്ടം മെക്കാനിക്സിൻ്റെ (quantum mechanics) തത്വങ്ങൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക തരം കമ്പ്യൂട്ടർ ചിപ്പാണ്. വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ‘ബിറ്റുകൾ’ ഉപയോഗിക്കുന്ന സാധാരണ ചിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ക്വാണ്ടം ചിപ്പുകൾ ‘ക്വിറ്റുകൾ’ ഉപയോഗിക്കുന്നു. അതിനാല്‍ പരമ്പരാഗത കമ്പ്യൂട്ടറുകളേക്കാൾ വളരെ വേഗത്തിൽ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ കൈകാര്യം ചെയ്യാൻ ഈ ക്വാണ്ടം ചിപ്പുകൾക്ക് സാധിക്കുന്നു.