പത്തനംതിട്ട: ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ മുത്തൂറ്റിൽ മാല പണയം വെച്ച് പണം എടുത്തതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ മാസം 23-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട നെടിയകാല സ്വദേശി 87 വയസ്സുള്ള സരസമ്മയുടെ മാലയാണ് പ്രതി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവർന്നത്.
സമീപത്ത് സഞ്ചയന ചടങ്ങ് നടന്നിരുന്നതിനാൽ അയൽപക്കത്ത് ആളുകൾ ഉണ്ടായിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു യുവാവ് സ്കൂട്ടറിൽ കടന്നു പോകുന്നതായി കണ്ടെത്തി. ഇതേ സ്കൂട്ടറുമായി യുവാവ് ഇതിനുമുമ്പും ഈ വഴി സഞ്ചരിച്ചിരുന്നതായി പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. തുടർന്ന് ഇലവുംതിട്ട പൊലീസ് നടത്തിയ അന്വേഷണത്തിൽ വട്ടയത്ത് വാടകയ്ക്ക് താമസിക്കുന്ന അമൽ അഗസ്റ്റിനെ കണ്ടെത്തുകയായിരുന്നു.