ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട. 700 കോടി മൂല്യം കണക്കാക്കുന്ന 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടികൂടി. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവം തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
കൃത്യമായ രേഖകളില്ലാതെ മിനി ട്രക്കിലായിരുന്നു സ്വര്‍ണ്ണം കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ മിഞ്ചൂര്‍-വണ്ടലൂര്‍ ഔട്ടര്‍ റിംഗ് റോഡിലായിരുന്നു പരിശോധന. ശ്രീപെരുമ്പുത്തൂർ മണ്ഡലത്തിലാണിത്.
കാഞ്ചിപുരം ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ഏഴ് തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിവരികയാണ്. ഇതിന്‍റെ ഭാഗമായാണ് മിഞ്ചൂര്‍-വണ്ടലൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ വേഗതയില്‍ പോയികൊണ്ടിരുന്ന മിനിലോറി നിര്‍ത്തിച്ച് പരിശോധന നടത്തിയത്. ഒപ്പം ഒരു കാറും ഉണ്ടായിരുന്നു. മിനി ലോറിയില്‍ നടത്തിയ പരിശോധനയിലാണ് 1,425 കിലോ സ്വര്‍ണ്ണക്കട്ടി പിടിച്ചെടുത്തത്.
തൊട്ടടുത്തുള്ള ഫാക്ടറി ഗോഡൗണിലേക്കാണ് സ്വര്‍ണ്ണം കൊണ്ടുപോകുന്നതെന്നും രേഖകള്‍ കൃത്യമാണെന്നും കാറിലുണ്ടായിരുന്നവര്‍ അവകാശപ്പെട്ടെങ്കിലും പരിശോധനയില്‍ രേഖകള്‍ അപൂര്‍ണ്ണമെന്ന് കണ്ടെത്തുകയായിരുന്നു.