കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി മുഹമ്മദ്, സ്വർണം സ്വീകരിക്കാനെത്തിയ കുറ്റ്യാടി സ്വദേശികളായ സജീർ, അബൂ സാലിഹ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 887 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 63 ലക്ഷം രൂപയോളം വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. മിശ്രിത രൂപത്തിൽ മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ വച്ചാണ് മുഹമ്മദ് സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. ഇതോടെയാണ് സ്വർണം വാങ്ങാനായി പുറത്ത് രണ്ട് പേർ കാത്തുനിൽക്കുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതോടെ സജീറും സാലിഹും പിടിയിലായി. കുറ്റ്യാടി സ്വദേശി റംഷാദ് ആച്ചിക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
പ്രതികൾ സഞ്ചരിച്ച വാഹനവും സ്വർണത്തിന് പ്രതിഫലമായി നൽകാൻ കരുതിയ 70,000 രൂപയും യുവാക്കളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.