Kerala
ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽ പോലും പറയാൻ പറ്റിയില്ല: ജോർജ് കുര്യൻ
കൊച്ചി: കേന്ദ്ര സഹമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ പറഞ്ഞറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ വേണ്ടി ഡൽഹിക്ക് വന്നയാളാണ്. ഇന്നലെ രാവിലെ എട്ട് മണിക്ക് ഡൽഹി എയർപോർട്ടിൽ വന്ന് ഫോൺ ഓണാക്കിയപ്പോൾ ഒരു ഫോൺ വന്നു. ഒരു നേതാവിന്റെ വീട്ടിൽ നിന്നാണ് വിളി വന്നത്. അദ്ദേഹം പറഞ്ഞു വേറൊരു നേതാവിന്റെ വീട്ടിലേക്ക് നിങ്ങൾ ഒമ്പത് മണിക്ക് മുമ്പെത്തണം. ഞാൻ നേരെ ആ നേതാവിന്റെ വീട്ടിൽ ചെന്നു. സാധാരണരീതിയിൽ ഇങ്ങനെ വിളിക്കുന്നത് കേരളത്തിൽ നിന്നെത്തിയവരുടെ അറേഞ്ച്മെന്റ് എന്തായി എന്ന് ചോദിക്കാൻ വേണ്ടിയാണ്. ഇപ്രാവശ്യം പറഞ്ഞത് നിങ്ങൾ 45 വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്, പാർട്ടി പരിഗണിക്കുന്നുണ്ട് എന്നാണ്.
എന്നോട് മന്ത്രിയാകുന്ന കാര്യമൊന്നും അവിടുന്ന് പറഞ്ഞില്ല. അതുകഴിഞ്ഞ് വേറൊരു നേതാവിന്റെ വീട്ടിൽ പോയി. അദ്ദേഹവും ഇതൊക്കെ പറഞ്ഞു, പിന്നെ വേറൊരു നേതാവ് ഫോണിൽ വിളിച്ചു, പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ വച്ചാണ് മന്ത്രിയാകുന്ന കാര്യം എന്നോട് ഔദ്യോഗികമായി പറഞ്ഞത്. അതുകൊണ്ട് വീട്ടിൽ പോലും നേരത്തെ പറയാൻ എനിക്ക് സാധിച്ചുമില്ല.’ ജോർജ് കുര്യൻ പറഞ്ഞു.