കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ കിരണ്‍ ചൗധരിയെ ഹരിയാനയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് റോത്തക്കിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഹരിയാനയില്‍ രാജ്യസഭാ സീറ്റ് ഒഴിവുവന്നത്.
ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകള്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടേതാണ്. രാജ്യസഭാ എംപിയായി തുടരുമ്പോള്‍ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെ കെ.സി.വേണുഗോപാല്‍, ദീപേന്ദർ ഹൂഡ, കാമാഖ്യ പ്രസാദ്, വിവേക് താക്കൂർ, ഉദയൻരാജെ ഭോസ്ലെ, ബിപ്ലബ് കുമാർ ദേബ്, മിസാ ഭാരതി എന്നിവരുടെ സീറ്റുകളും ഒഴിവുവന്നിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിനാണ് നടക്കുന്നത്.
കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന് മധ്യപ്രദേശിലാണ് സീറ്റ് ഒരുങ്ങിയത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് കുര്യന്‍ മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. കേന്ദ്രനേതൃത്വം വിശ്വാസമര്‍പ്പിച്ച കേരള നേതാക്കളില്‍ പ്രമുഖനാണ് കുര്യന്‍. മന്ത്രിയാകുന്ന കാര്യം അവസാനം വരെ അദ്ദേഹം പുറത്തുവിടുകയും ചെയ്തില്ല. പുതിയ മന്ത്രിമാരുടെ ചായ സത്ക്കാരത്തിന് കുര്യനും ക്ഷണിക്കപ്പെട്ടതോടെയാണ് മന്ത്രിയാകുന്ന വിവരം വാര്‍ത്തയായത്. 80കളിലാണ് കുര്യൻ ബിജെപിയിൽ എത്തുന്നത്. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു.