തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതികരണവുമായി ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിവരം അറിഞ്ഞപ്പോള്‍ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും അരുണ്‍ ഗോപി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണിലെണ്ണ ഒഴിച്ചെന്ന് പോലെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ഒരാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താല്‍കാലിക ജീവനക്കാരെ പിരിച്ച് വിട്ടതായും അരുണ്‍ഗോപി അറിയിച്ചു. കുട്ടിയെ അപ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിരിച്ചുവിട്ട ഏഴുപേരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. താത്ക്കാലിക കരാർ ജീവനക്കാരാണ് ഇവർ.
ക്രഷില്‍വെച്ച് കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് ദേഹത്ത് മുറിവുകളുള്ളതായി ശ്രദ്ധയില്‍പെട്ടത്. കുറ്റക്കാർക്കെതിരെ വളരെ കർക്കശമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു. കുട്ടികള സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല. ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാൻ പാടില്ല എന്ന് തന്നെയാണ് നിലപാട്. കുറ്റകൃത്യം ഇവിടം കൊണ്ട് അവസാനിപ്പിക്കുകയല്ല ചെയ്തത്. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് നിയമനടപടിയിലേക്ക് പോയതെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.