Kerala

പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത് ഒത്തിരി നാളുകൾക്ക് ശേഷം, എംടിക്ക് നന്ദി; ഗീവർഗീസ് മാർ കൂറിലോസ്

Posted on

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്.  ഒത്തിരി നാളുകൾക്ക് ശേഷമാണ്  ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

‘അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം. മൂർച്ചയുള്ള ശബ്ദം. കാതുള്ളവർ കേൾക്കട്ടെ, അധികാരം അടിച്ചമർത്താൻ ഉള്ളതല്ല, അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ’- ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി. മികച്ച പ്രഭാഷകനും സഭയിലെ ജനകീയ മുഖവുമായ ഗീവർഗീസ് മാർ കൂറിലോസ്  പല സന്ദർഭത്തിലും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയുടെ വനിതാ മതിൽ അടക്കമുള്ള പരിപാടികളെ പിന്തണച്ചിട്ടുള്ള മെത്രാപ്പോലീത്ത സമൂഹമാധ്യമങ്ങളിലും സജീവ ഇടപെടൽ നടത്തുന്നയാളാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ രൂക്ഷ വിമർശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നായിരുന്നു എം ടിയുടെ വിമർശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു.

അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. അതേസമയം എം ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാർട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്.  വിവാദത്തിൽ അടിസ്ഥാനമില്ലെന്ന് എം ടി അറിയിച്ചതായും ദേശാഭിമാനി വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version