India
ഗാസയിൽ വീണ്ടും ബോംബ് വർഷിച്ച് ഇസ്രയേൽ
ഗാസയിൽ വീണ്ടും ഇസ്രയേൽ കൊടും ക്രൂരത. വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെയും ഇസ്രയേൽ ബോംബാക്രമണമുണ്ടായി. മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബ് വീണ് കെട്ടിടം പൂർണ്ണമായി തകർന്നു. ആശുപത്രി ജീവനക്കാർക്ക് പരുക്കേറ്റു.
കമാൽ അദ്‌വാൻ ആശുപത്രി ഹമാസ് സൈനിക താവളമാണെന്നും നിരവധി തീവ്രവാദികൾ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചിട്ടുണ്ട്. മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകൾക്കു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു പ്രദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,163 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 1,01,510 പേർക്കു പരുക്കേറ്റു