India

ഗൗരി ലങ്കേഷിൻ്റെ കൊലയാളികൾക്ക് വീണ്ടും സ്വീകരണം; അഭിനന്ദിച്ച് ഹിന്ദുത്വ സംഘടനകൾ

Posted on

സാമൂഹികപ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ ഹിന്ദുത്വ സംഘനകൾ. കേസിലെ മുഖ്യപ്രതികളായ പരശുറാം വാഗ്‌മോറിനേയും മനോഹർ യാദവെയെയുമാണ് ആദരിച്ചത്. ശ്രീരാമസേനയും വിവിധ സംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ആറ് വർഷം ജയിലിൽ കഴിഞ്ഞ പരശുറാം വാഗ്‌മോറിനും മനോഹർ യാദവെയ്ക്കും ഒക്ടോബർ ഒന്‍പതിനാണ് ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് ഇവരെ ഒക്ടോബർ 11ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിച്ചു. പ്രതികളുടെ സ്വദേശമായ കര്‍ണാടകത്തിലെ വിജയപുരയിലാണ് സ്വീകരണം ഒരുക്കിയത്. ക്ഷേത്രത്തില്‍ ഇവര്‍ക്കായി പൂജയും നടത്തി. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിയുടെ പശ്ചാത്തലത്തില്‍ ശിവജിയുടെ പ്രതിമയില്‍ പുഷ്പഹാരവും ചാര്‍ത്തി. വാഗ്‌മോറിനെയും യാദവെയെയും ചടങ്ങില അഭിനന്ദിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ ഹിന്ദുത്വ സംഘടനകൾ അഭിനന്ദിക്കുകയും സ്വീകരണം നൽകുകയും ചെയ്യുന്നത് ഇതാദ്യമല്ല. സംസ്ഥാനത്തെ ബിജെപി നേതാക്കളും പരസ്യമായി ഇവരെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ബിജെപി മുൻ എംപി പ്രതാപ് സിംഹ കേസിലെ പ്രതിയായ നവീൻകുമാറിൻ്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇത് വലിയ വിമർശനകൾക്കും കാരണമായിരുന്നു.

വിചാരണ നീണ്ടുപോവുന്ന സാഹചര്യത്തിലാണ് എട്ടു പ്രതികൾക്കു കൂടി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ 527 സാക്ഷികളുണ്ടെന്നും അതില്‍ 140 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂയെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം. ഇതോടെ കേസിലെ 18 പ്രതികളില്‍ 16 പേര്‍ക്കും ജാമ്യം ലഭിച്ചു. പതിനഞ്ചാം പ്രതി വികാസ് പട്ടേല്‍ എന്ന നിഹാല്‍ ഒളിവിലാണ്.

2017 സെപ്റ്റംബര്‍ അഞ്ചിന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വെസ്റ്റ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 18 പ്രതികളെയും പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version