India
ഗീസറിലെ ഗ്യാസ് ലീക്കായി, ബെംഗളൂരുവിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം
ബെംഗളൂരു: കുളിമുറിയിലെ ഗീസറിലെ ഗ്യാസ് ലീക്ക് ചെയ്തു, അമ്മയ്ക്കും മകനും ദാരുണാന്ത്യം. ബെംഗളൂരുവിന് സമീപത്തെ മാഗഡിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 40 കാരിയായ അമ്മയും 17കാരനായ മകനുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ശോഭ എന്ന 40കാരി വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. 17കാരനായ മകൻ ദിലീപ് വിദ്യാർത്ഥിയാണ്. മഗാഡിയിലെ ജ്യോതിനഗറിലാണ് സംഭവം.
ഞായറാഴ്ച വൈകീട്ട് 5.30 നും 6.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ശോഭയുടെ മൂത്തമകളായ ശശികലയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടുജോലി ചെയ്യുന്ന ശശികല തിരികെ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ രണ്ട് പേരെയും കണ്ടെത്തുന്നത്. വീട്ടിനകത്തെ കുളിമുറിയിലായിരുന്നു ഗീസർ ഘടിപ്പിച്ചിരുന്നത്. ദിലീപ് കുളിക്കാനായി പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാതെ വന്നതോടെ ശോഭ കുളിമുറിക്ക് അകത്ത് കയറി. ഈ സമയത്താണ് മകനെ ബോധം കെട്ട നിലയിൽ കണ്ടെത്തിയത്. മകനെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു.
വൈകുന്നേരം 6.30 ഓടെ വീട്ടിലെത്തിയ ശശികല ഇരുവരേയും അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ അടുക്കളയിലെ ചെറിയ ജനൽ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതാണ് അപകടമുണ്ടാക്കിയതിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്യാസ് ഗീസർ ഉപയോഗിക്കുന്നവർ വായുകടക്കാനുള്ള സാഹചര്യം മുറിയിൽ ഉറപ്പാക്കണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.