Kerala

ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം

Posted on

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എംഎല്‍എ വി കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകൾ നിലനിർത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ബുധനാഴ്ച ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകും.

ഗതാഗത മന്ത്രി ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. തുടർന്ന് മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയരുന്നത്. വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്. സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദന്‍റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും ഇതിനകം ഉയർന്നിട്ടുണ്ട്.

ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇലക്ട്രിക്ക് ബസിന്‍റെ കാര്യത്തിൽ ഗതാഗത മന്ത്രിക്ക് യൂടേൺ എടുക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നുമാണ് മേയര്‍ ആര്യ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version