Kerala
‘ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നു’; കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ലെന്നും ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും സിഐടിയു പറഞ്ഞു. ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സിഐടിയു സമരമാരംഭിച്ചു. ഗണേഷ് കുമാർ ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഓർമിക്കണമെന്ന് മുൻ എംഎൽഎയും എകെഡിഎസ്ഡബ്ള്യൂയു പ്രസിഡന്റുമായ കെ കെ ദിവാകരൻ പറഞ്ഞു.
ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എൽഡിഎഫിലെ മന്ത്രിയാണെന്ന കാര്യം ഗണേഷ് ഓർക്കണം. അതൊന്ന് ഓർമിപ്പിക്കുകയാണ്. മന്ത്രിയെ നിയന്ത്രിക്കണം. തൊഴിലാളികൾ വിചാരിച്ചാൽ അത് നടക്കും. ഫെബ്രുവരി 21-ലെ സർക്കുലർ പിൻവലിക്കണം. മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്യുമെന്നും ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.