Kerala
ഓരോ ക്ഷേത്രത്തിലും ഓരോ ആചാരം; മേൽവസ്ത്ര വിഷയത്തിൽ മുഖ്യമന്ത്രിയെ തള്ളി ഗണേഷ് കുമാർ
കോഴിക്കോട്: ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ രംഗത്ത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമെന്നും, അതിൽ മാറ്റം വരുത്തണമോന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നും കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി എന്നും ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് താൻ മറുപടി നൽകുന്നില്ലെന്ന് പറഞ്ഞായിരുന്നു കെ ബി ഗണേഷ് കുമാർ പ്രതികരിച്ചത്.
നേരത്തെ ശിവഗിരി സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സച്ചിദാനന്ദ സ്വാമിയുടെ നിലപാടിനെ പിണറായി വിജയൻ പിന്തുണച്ചത്. ആരാധനാലങ്ങളിൽ മേൽവസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.