Kerala

ഗണേഷ്‌ കുമാറിനേക്കുറിച്ച് റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അദ്ദേഹം നിലപാട് വ്യക്തമാക്കട്ടെ:വി ഡി സതീശൻ

Posted on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർ‌ട്ടിൽ ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ഗണേഷ്‌ കുമാറിനേക്കുറിച്ച് റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അദ്ദേഹം ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും ശേഷം വിഷയത്തിൽ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സർക്കാർ. സർക്കാർ ഈ റിപ്പോർട്ട് നേരത്തേ വായിച്ചിരുന്നെങ്കിൽ അന്നേ നിയമപരമായ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോൺക്ലേവ് നടത്താമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്. ഇതൊരു തൊഴിലിടത്തിൽ നടന്ന ചൂഷണമാണ്. നിരന്തരമായ ചൂഷണ പരമ്പരയാണ് നടന്നത്. പരാതികളുടെ കൂമ്പാരം സർക്കാരിൻ്റെ കയ്യിലില്ലേ. ആരാണ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത്? ഏത് പരുന്താണ് സർക്കാരിനും മീതെ പറക്കുന്നത്? ഒരു ക്രിമിനൽ ആക്ട് നടന്നാൽ അത് പൊലീസിൽ അറിയിക്കേണ്ടേ? സർക്കാർ റിപ്പോർട്ട് വായിച്ചിട്ടുണ്ടല്ലോ, ഇതിൽ കേസെടുക്കാൻ ഒരു പരാതിയുടെ ആവശ്യവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം ഒരു നടനെയും താൻ ഒതുക്കിയിട്ടില്ലെന്ന പരാമർശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ രം​ഗത്തെത്തിയിരുന്നു. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ. ആത്മയുടെ പ്രസിഡൻ്റ് താനാണ്. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലർ പുരയ്ക്ക് തീ പിടിച്ചപ്പോൾ വാഴ വെട്ടാൻ നടക്കുകയാണ്. തന്നെയും പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version