Kerala
മുഖ്യമന്ത്രിയുടെ നിർദേശം, മന്ത്രി ദില്ലിയിലേക്ക്
തിരുവനന്തപുരം: കണിയാപുരം ജംഗ്ഷനില്‍ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കാണാന്‍ മന്ത്രി ജി. ആര്‍ അനിലും എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ഫെബ്രുവരി ഏഴിന് ദില്ലിയിലെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയും എംഎല്‍എയും കേന്ദ്രമന്ത്രിയെ കാണുന്നത്.
‘ദേശീയപാത 66ന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണിയാപുരം ജംഗ്ഷനില്‍ നിര്‍ദ്ദിഷ്ട 45 മീറ്ററില്‍ നിര്‍മ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റര്‍ വീതിയില്‍ ഇരുവശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയര്‍ത്തി അതിനു മുകളിലാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. ഇതു മൂലം കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിശദമായ പ്രൊപ്പോസല്‍ തയാറാക്കി എന്‍.എച്ച്.ഐ പ്രോജക്ട് ഡയറക്ടര്‍ക്കും റീജിയണല്‍ ഓഫീസര്‍ക്കും മന്ത്രി ജി. ആര്‍ അനില്‍ നല്‍കിയിരുന്നു. കൂടാതെ 2022 ഡിസംബര്‍ 14ന് കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രിയ്ക്ക് കത്തും നല്‍കിയിരുന്നു.’ ഇതില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാന്‍ ദില്ലിയിലേക്ക് പോകുന്നതെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.