India
ഇനിമുതൽ 15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ തീരുമാന പ്രകാരം ഇനി എൻഡ്-ഓഫ്-ലൈഫ് വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതിരിക്കാൻ നടപടികളെടുക്കും.
ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നാണ് സൂചന. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും. ബിഎസ്-6ന് താഴെയുള്ള എൻജിനുകളുള്ള വാണിജ്യ വാഹനങ്ങൾ ഡൽഹിയിലേക്കു പ്രവേശിക്കുന്നത് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശമാണു സമിതി തയാറാക്കിയിരിക്കുന്നത്.
ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് എൻഡ്-ഓഫ്-ലൈഫ് ആയി കണക്കാക്കുന്നത്. നിതി ആയോഗ്, ഗതാഗത മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എഐർഎഐ), ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ട്, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഇൻ എൻസിആർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണു പ്രത്യേക സമിതിയിലുള്ളത്.