അവിവാഹിതരായ യുവാക്കളെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളുമായി കടന്നു കളയുന്ന യുവതിയും സംഘവും പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. നേരത്തെ ആറ് യുവാക്കളെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളുമായി മുങ്ങിയ സംഘത്തിലെ അംഗങ്ങളാണ് ഏഴാം വിവാഹ ഒരുക്കത്തിനിടെ യുപി ബന്ധയിൽ പൊലീസിൻ്റെ പിടിയിലായത്.

പൊലീസ് റിപ്പോർട്ട് അനുസരിച്ച് സംഘത്തിൽ 2 സ്ത്രീകളും 2 പുരുഷൻമാരുമാണ് ഉള്ളത്. അവിവാഹിതരായ യുവാക്കളെ കണ്ടെത്തിയാണ് സംഘം തട്ടിപ്പ് പ്ലാൻ ചെയ്യുക. സംഘത്തിലെ രണ്ട് പുരുഷൻമാർ തങ്ങൾ വിവാഹ ഏജൻ്റുമാരാണെന്ന് പറഞ്ഞ് ആദ്യം ഇവരെ പരിചയപ്പെടും. പിന്നീട് തങ്ങൾക്ക് പരിചയമുള്ള ഒരു പെൺകുട്ടി ഉണ്ടെന്നും പണം നൽകുകയാണെങ്കിൽ പരിചയപ്പെടുത്താമെന്നും പറയുന്നു.

പണം കിട്ടുന്നതനുസരിച്ച് തട്ടിപ്പ് സംഘത്തിലെ മറ്റ് രണ്ട് സ്ത്രീകളെക്കൂടി ഇവർ പരിചയപ്പെടുത്തും. പൂനം മിശ്ര എന്ന യുവതിയെ വധുവായും സഞ്ജന ഗുപ്ത എന്ന സ്ത്രീയെ വധുവിൻ്റെ അമ്മയായും ആയിരിക്കും പരിചയപ്പെടുത്തുക. തുടർന്ന് ചെറിയ രീതിയിൽ വിവാഹം നടത്തും.
തുടർന്ന് പ്രതിശ്രുത വരൻ്റെ വീട്ടിലെത്തുന്ന പൂനം മിശ്ര വീട്ടിലെ പണവും ആഭരണങ്ങളും കണ്ടെത്തുകയും ഇത് മോഷ്ടിച്ച് അവിടെ നിന്ന് മുങ്ങുകയുമാണ് തട്ടിപ്പുരീതി. ഇവർ ശങ്കർ ഉപാധ്യായ് എന്ന യുവാവിനെ ഇത്തരത്തിൽ വ്യാജ വിവാഹത്തിലൂടെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്.

