ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരനെന്ന പേരില്‍ 50 ലേറെ യുവതികളെ വിവാഹ തട്ടിപ്പിലൂടെ വഞ്ചിച്ച 38കാരന്‍ പിടിയില്‍. മുഖീം അയൂബ് എന്ന 38കാരനാണ് അറസ്റ്റിലായത്. ഗുജറാത്ത് വഡോദര സ്വദേശിയാണ് ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു തട്ടിപ്പ്.
വിധവകളും വിവാഹ മോചിതരും ഉന്നത ഉദ്യോഗമുള്ളതുമായ വനിതകളേയാണ് ഇയാള്‍ വിവിധ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹ തട്ടിപ്പിന് ഇരയാക്കിയത്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട് സ്ത്രീകളുമായി അടുപ്പത്തിലാവും പിന്നാലെ ഇരയുടെ വീട്ടിലെത്തി ബന്ധുക്കളുമായി വിവാഹത്തേക്കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടത്തും. ഇതിന് പിന്നാലെ വിവാഹം നടത്താനായി ഉയര്‍ന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്യാനെന്ന പേരില്‍ പണം വാങ്ങി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
നിരവധി സൈറ്റുകളിലായി വിവിധ വ്യാജ പേരുകളിലായിരുന്നു ഇയാള്‍ മാട്രിമോണിയല്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. 2014ല്‍ വിവാഹിതനായ ഇയാള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. യുവതികളുമായി അടുപ്പത്തിലായ ശേഷം ആഡംബര വാച്ചുകളും മൊബൈല്‍ ഫോണുകളുമടക്കം സമ്മാനങ്ങളും ഇയാള്‍ തന്ത്രപരമായി യുവതികളില്‍ നിന്ന് കൈക്കലാക്കിയിരുന്നു. അഭിഭാഷക അടക്കം ഉന്നത ഉദ്യോഗത്തിലുള്ളവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. പലരും നാണക്കേട് ഭയന്ന് പോലീസിനെ സമീപിക്കാതിരുന്നതാണ് വലിയ രീതിയിലേക്ക് തട്ടിപ്പ് കടന്നതിന് പിന്നിലെന്നാണ് സൂചന.