Kerala
ഗാന്ധി പ്രതിമയില്‍ ഹാരം അണിയിക്കാനുള്ള ശ്രമത്തിനിടെ ഏണി തെന്നി വീണ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിനും യു ഡി എഫ് നേതാക്കള്‍ക്കും പരിക്ക്
കോട്ടയം: ഗാന്ധി പ്രതിമയില്‍ ഹാരം അണിയിക്കാനുള്ള ശ്രമത്തിനിടെ ഏണി തെന്നി വീണ് സ്ഥാനാര്‍ത്ഥിക്കും നേതാക്കള്‍ക്കും നേരിയ പരിക്ക്. കഴിഞ്ഞ ദിവസം തിരുനക്കരയില്‍ വെച്ചാണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഫ്രാന്‍സിസ് ജോര്‍ജ്, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, നാട്ടകം സുരേഷ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് എന്നിവരാണ് വീണത്.
മോന്‍സ് ജോസഫിന്റെ കാലിന് രണ്ട് തുന്നലുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഇടതുകൈത്തണ്ടയിലും ഇടതുകാലിലും ചെറിയ മുറിവുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ അവസാനിച്ച ശേഷം ഗാന്ധി പ്രതിമയില്‍ ഹാരം ഹണിയിക്കാന്‍ എത്തിയതായിരുന്നു നേതാക്കള്‍. പ്രതിമയുടെ ഉയരത്തിലേക്ക് എത്താന്‍ താല്‍ക്കാലികമായി ഏണി സ്ഥാപിച്ചിരുന്നു. ഇതുവഴി വേണം പ്രതിമയുടെ സമീപം എത്താന്‍. എന്നാല്‍ എല്ലാവരും കയറി പ്രതിമയുടെ അടുത്തെത്തും മുമ്പ് ഏണി നിരങ്ങി താഴെ വീഴുകയായിരുന്നു.
ഏണിക്കിടയില്‍പ്പെട്ടുപോയ നേതാക്കളെ ഉടന്‍ പുറത്തേക്ക് മാറ്റി. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജിനെ പ്രവര്‍ത്തകര്‍ പ്രതിമയുടെ അരികിലേക്ക് എടുത്ത് ഉയര്‍ത്തി. അദ്ദേഹം മാല ചാര്‍ത്തിയശേഷം പ്രസംഗിക്കുകയുംചെയ്തു.