Kerala

വസ്ത്രങ്ങളിൽ നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മിഠായികൾ പിടികൂടി

മലപ്പുറം: തിരൂരിൽ വസ്ത്രങ്ങളിൽ നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മിഠായികൾ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മിഠായികളാണ് പിടിച്ചെടുത്തത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇവയുടെ ഉൽപ്പാദനകേന്ദ്രങ്ങളും ഉദ്യോഗസ്ഥർ അടപ്പിച്ചു.

500 മിഠായിപാക്കറ്റുകളടക്കം, മൊത്തം 50 കിലോഗ്രാം വരുന്ന റോഡമിൻ ബിയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. തിരൂർ ബി പി അങ്ങാടിയിലെ ചെറുകിടകച്ചവടക്കാരിൽ നിന്നാണ് ഇവ പിടികൂടിയത്. ‘ചോക്ക് മിഠായി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവ പല നിറത്തിൽ വിപണിയിലുണ്ട്. ശരീരത്തിന് ഹാനികരമായ റോഡമിൻ ബി എന്ന രാസ പദാർത്ഥമാണ് ഈ നിറങ്ങൾക്കായി ചേർക്കുന്നത്. മലപ്പുറം തിരൂരിൽ ഭക്ഷ്യസുരക്ഷവകുപ്പ് നടത്തിയ പരിശോധനയിൽ വൃക്കകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന റോഡമിൻ ബിയുടെ സാന്നിധ്യമുള്ള മിഠായികളാണ് കണ്ടെത്തിയത്.

പൊന്നാനി കൊല്ലൻപടി, കറുകതിരുത്തി ഭാഗങ്ങളിലെ നാലു വീടുകളിലാണ് ഇവ നിർമ്മിച്ചിരുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള റോഡമിൻ ബി ഭക്ഷ്യപഥാർത്ഥങ്ങളിൽ ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് തിരിച്ചറിയാതെയാണ് വർഷങ്ങളായി കുടിൽ വ്യവസായം പോലെ മിഠായികൾ ഉൽപ്പാദിപ്പിച്ചിരുന്നതെന്നാണ് വീട്ടുകാരുടെ വിശദീകരണം. ഇവയിൽ അധികവും കോയമ്പത്തൂരിൽ നിന്നാണ് വിപണയിലേക്കെത്തുന്നത്. റോഡമിൻ ബി ചേർത്ത് ഭക്ഷ്യ പദാർത്ഥങ്ങൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top