India

ത്രിപുര വെള്ളപ്പൊക്കം: മരണസംഖ്യ 24 ആയി, ഒരു ലക്ഷത്തിലധികം പേർക്ക് വീട് നഷ്ടപ്പെട്ടു

അഗർത്തല: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ത്രിപുരയിൽ മരണസംഖ്യ 24 ആയി. രണ്ട് പേരെ കാണാതായതായാണ് റിപ്പോർട്ട്. 1.28 ലക്ഷത്തോളം പേർക്കാണ് വീട് നഷ്ടമായത്. ഓഗസ്റ്റ് 19 മുതൽ ഭവനരഹിതർക്കായി സർക്കാർ 558 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയതായി സംസ്ഥാന റവന്യൂ സെക്രട്ടറി ബ്രിജേഷ് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് വെള്ളക്കെട്ട് കുറഞ്ഞെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രാഥമിക കണക്ക് പ്രകാരം ഏകദേശം 5000 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പു:നരധിവാസത്തിനുമായി കേന്ദ്രം 40 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. സംസ്ഥാനത്ത് കേന്ദ്രം 11 എൻഡിആർഎഫ് ടീമുകളും കരസേനയുടെ 3 നിരകളും വ്യോമസേനയുടെ 4 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നാളെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടുതൽ മഴ ലഭിക്കുമെന്ന പ്രവചനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top