India
ഭക്ഷണ പൊതി അഴിച്ചതിന് പിന്നാലെ ക്യാബിനിൽ നിന്ന് നിലവിളി, എമർജൻസി ലാൻഡിംഗ് നടത്തി യാത്രാ വിമാനം, വില്ലൻ എലി
കോപ്പൻഹേഗൻ: വിമാനയാത്രക്കാർക്ക് ഭക്ഷണം വിളമ്പിയതിന് പിന്നാലെ ക്യാബിനിൽ നിലവിളിയും ബഹളും. എമർജൻസി ലാൻഡിംഗ് നടത്തി യാത്രാ വിമാനം. സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനമാണ് നിറയെ യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തി. നോർവേയിലെ ഓസ്ലോയിൽ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് പുറപ്പെട്ട വിമാനമാണ് ഡെൻമാർക്കിലെ കോപ്പൻ ഹേഗനിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്.
ഭക്ഷണ പാത്രത്തിൽ നിന്ന് ജീവനുള്ള എലിയിറങ്ങി ക്യാബിനിലേക്ക് ഓടിയതാണ് യാത്രക്കാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാകാൻ കാരണമായത്. ജാർസി ബോറിസ്റ്റാഡ് എന്ന യാത്രക്കാരന് ലഭിച്ച മീലിനുള്ളിലായിരുന്നു എലിയെ ജീവനോടെ കണ്ടെത്തിയത്. ഭക്ഷണ പൊതിയിൽ നിന്ന് പുറത്തിറങ്ങിയ എലി അടുത്ത സീറ്റിലിരുന്ന യാത്രക്കാരിയുടെ ശരീരത്തിലേക്ക് ചാടിയ ശേഷം ക്യാബിനിലെ തറയിലൂടെ ഓടിയെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
എലികൾ വിമാനത്തിൽ കയറി വയറുകൾ കരണ്ട് വലിയ രീതിയിലേക്കുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ കർശനമായ പ്രോട്ടോക്കോളുകളാണ് വിവധ എയർലൈനുകൾ എലിശല്യം അകറ്റാനായി പിന്തുടരുന്നത്. വിമാനത്തിലെ യാത്രക്കാർക്കായി ഭക്ഷണം തയ്യാറാക്കിയ അടുക്കളയിൽ നിന്നോ ഭക്ഷണം വിമാനത്തിലേക്ക് എത്തിക്കുന്നതിനിടയിലോ ആകാം എലി പാക്കറ്റിനുള്ളിൽ കയറിക്കൂടിയതെന്നാണ് വിദഗ്ധർ സംഭവത്തെ നിരീക്ഷിക്കുന്നത്.