ന്യൂഡല്‍ഹി: മോശം സേവനമെന്ന യാത്രക്കാരന്റെ പരാതിയില്‍ ടിക്കറ്റ് തുക തിരികെ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ‘തന്റെ ജീവിതത്തിലെ ഏറ്റവും മോശം വിമാന അനുഭവം’ എന്ന യാത്രക്കാരന്റെ എക്‌സിലെ കുറിപ്പിനെ തുടര്‍ന്നാണ് ടിക്കറ്റ് തുക ഇന്‍ഡിഗോ തിരികെ നല്‍കിയത്.
കൊല്‍ക്കത്തയില്‍ നിന്ന് പോകേണ്ടിയിരുന്ന വിമാനം ഏഴ് മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് തനിക്ക് കണക്ടിങ് ഫ്‌ളൈറ്റ് നഷ്ടമായെന്നും യാത്രക്കാരന്‍ കുറിച്ചു. വിമാന കമ്പനിയുടെ സേവനത്തില്‍ അമര്‍ഷവും നിരാശയും പ്രകടിപ്പിച്ച് ദേബര്‍ഗ്യ ദാസ് എന്ന യാത്രക്കാരനാണ് കുറിപ്പിട്ടത്. ‘എന്റെ രാത്രി 10 മണിക്കുള്ള കല്‍ക്കട്ട-ബാംഗ്ലൂര്‍ വിമാനം 4:41 രാവിലെയാണ് പുറപ്പെട്ടത്. ആകെ 7 മണിക്കൂര്‍ വൈകി. അതിനാല്‍ എനിക്ക് പോകേണ്ട
അന്താരാഷ്ട്ര വിമാനം നഷ്ടമായി.’ ദേബര്‍ഗ്യ ദാസ് പോസ്റ്റില്‍ പറഞ്ഞു. താന്‍ നേരിട്ട അനുഭവം ദേബര്‍ഗ്യ തന്റെ ടിക്കറ്റടക്കം പങ്കുവെച്ചുകൊണ്ടാണ് വിശദീകരിച്ചത്.
വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനും മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാനും ഇന്‍ഡിഗോ ജീവനക്കാര്‍ സഹകരിച്ചില്ലെന്നും യാത്രക്കാരന്‍ ആരോപിച്ചു. ദേബര്‍ഗ്യ ദാസിന്റെ പോസ്റ്റ് വൈറലാകുകയും സമാന അനുഭവം നേരിട്ടവര്‍ പോസ്റ്റിനെ പിന്തുണയ്ക്കുകയും ചെയ്തു.