അവധി ആഘോഷമാക്കി തിരിച്ചു പോകാനിരിക്കുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുകയാണ് ടിക്കറ്റ് നിരക്ക്. വിമാനക്കമ്പനികൾ നിരക്കിൽ വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് യാത്രക്കാരെ കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്.
ഓഗസ്റ്റ് 15-ന് ശേഷമുള്ള ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചിരിട്ടി വരെ വർധനയാണ് വരുത്തിയത്. സാധാരണ 12,000 മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. ഓണക്കാലം കഴിയുന്നതുവരെ ഇനി ടിക്കറ്റ് നിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. എല്ലാ വർഷത്തെയും പോലെ പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികൾ.
25-ന് ശേഷം കണ്ണൂരിൽനിന്ന് ദോഹയിലേക്ക് എയർഇന്ത്യ എക്സ്പ്രസിന് 35,000 രൂപ മുതൽ 50,000 രൂപ വരെയാണ് നൽകേണ്ടത്. സാധാരണ 15,000 രൂപ വരെയാണ് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇൻഡിഗോയ്ക്ക് ദോഹയിലേക്ക് 32,000 രൂപയാണ് 25-ാം തീയതിയിലെ നിരക്ക്.