കോട്ടയം: ഐടി സ്ഥാപനത്തിലെ ജീവനക്കാരനെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമെന്ന് പരാതി.

എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ കഞ്ഞിക്കുഴി മുട്ടമ്പലം സ്‌കൈലൈൻ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്‌ളാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ.
അമിത ജോലി സമ്മർദത്തിലായിരുന്നു തങ്ങളുടെ മകനെന്നും ഇവർ പറഞ്ഞു. തുടർന്ന്, ഇന്നു പുലർച്ചെ ഇവർ എഴുന്നേറ്റപ്പോഴാണ് മകനെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന്, മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

