Kerala
മത്തിയും അയലയും മലയാളികള്‍ മറക്കേണ്ടി വരുമോ…..
ട്രോളിംഗ് നിരോധനം കഴിഞ്ഞ ശേഷവും മലയാളികള്‍ക്ക് പ്രിയങ്കരമായ അയലയും മത്തിയുമൊന്നും ലഭിക്കുന്നില്ല. മണിക്കൂറുകള്‍ കടലില്‍ കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ നിരാശരാണ്. വലയില്‍ മത്സ്യങ്ങള്‍ കുടുങ്ങുന്നില്ല. കേരള തീരത്തെ ചൂട് കാരണം മത്തിയും അയലയും ആഴക്കടലിലേക്കും തമിഴ്നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായാണ് വിലയിരുത്തല്‍.
കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യങ്ങളെയും ബാധിച്ചത്. അയലയും മത്തിയും ഇല്ലാതായതോടെകടലില്‍ പോകുന്നവരുടെ വരുമാനവും കുറഞ്ഞു. പൂവാലൻ ചെമ്മീനും കൊഴുവയും കിളിമീനുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞാല്‍ ടൺകണക്കിന് കിളിമീൻ ലഭിക്കും.
എന്നാല്‍ ഇതും പഴങ്കഥയായി. മാന്തലിന്റെയും കറൂപ്പിന്റെയും ലഭ്യതയും കുറഞ്ഞു. ചെമ്മീന്‍ കയറ്റുമതി കുറഞ്ഞതോടെ മത്സ്യപ്രിയര്‍ക്ക് ചെമ്മീന്‍ ലഭിക്കുന്നുണ്ട്. പക്ഷെ അയലയും മത്തിയും മലയാളികള്‍ മറക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.