India

സ്കൂൾ കെട്ടിടത്തിലെ അഗ്നിബാധ മറച്ചുവച്ചു, മോക്ക്ഡ്രില്ലെന്ന് വിശദീകരണം, സ്കൂൾ അടച്ചു, പൊലീസ് അന്വേഷണം

അഹമ്മദാബാദ്: ബേസ്മെന്റിലുണ്ടായ അഗ്നിബാധ മോക്ക്ഡ്രില്ലെന്ന പേരിൽ മറച്ച് വച്ച് സ്കൂൾ അധികൃതർ. സ്കൂൾ അടച്ചു, അന്വേഷണം തീരും വരെ ക്ലാസുകൾ ഓൺലൈൻ ആയി നടത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. അഹമ്മദാബാദിലാണ് സംഭവം. ഷേലാ മേഖലയിലെ സ്വകാര്യ സ്കൂളായ ശാന്തി ഏഷ്യാറ്റിക് സ്കൂളിൽ വ്യാഴാഴ്ചയാണ് അഗ്നിബാധയുണ്ടായത്. സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ബേസ്മെന്റിലാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അഗ്നിബാധയുണ്ടായത്.

അഞ്ച് മിനിറ്റുകൊണ്ട് തീ അണച്ചുവെന്ന് അവകാശപ്പെട്ട സ്കൂൾ അധികൃതർ സംഭവത്തേക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. കുട്ടികളിൽ നിന്ന് വിവരം അറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കളോട് സംഭവം മോക്ക് ഡ്രിൽ ആണെന്നാണ് സ്കൂൾ അധികൃതർ വിശദമാക്കിയത്. ഇതോടെ രക്ഷിതാക്കൾ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. ബേസ്മെന്റിൽ നിന്നുള്ള തീയിലെ പുക ക്ലാസ് മുറിയിലേക്ക് എത്തിയതോടെ വിദ്യാർത്ഥികൾ ഭയന്ന സാഹചര്യം വ്യാഴാഴ്ചയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നത്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചത്.

ഇതോടെ അഗ്നിബാധയുണ്ടായതായി സ്കൂൾ അധികൃതർ സമ്മതിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്. സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാവും വരെ സ്കൂൾ അടച്ചിടാൻ നിർദ്ദേശിച്ചിരിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്. ക്ലാസുകൾ ഓൺലൈനായി നടക്കുമെന്ന് ഡിഇഒ വിശദമാക്കി. സംഭവത്തിൽ പ്രാഥമിക ദൃഷ്ടിയിൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ വിവരങ്ങൾ മറച്ചുവച്ചതല്ലെന്നും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകർക്ക് പരിശീലനം നൽകിയതായാണ് സ്കൂൾ ഡയറക്ടർ പ്രതികരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top