ഭോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്നും അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സ്‌ഫോടനത്തില്‍ ഇതുവരെയും 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 60 പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. 100 ആംബുലന്‍സുകളും 400 പൊലീസ് ഉദ്യോഗസ്ഥരെയും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.