India

ഒരുമിച്ചുള്ള യാത്ര അന്ത്യയാത്രയായി; അമേരിക്കയില്‍ വാഹനാപകടത്തിൽ നാലു ഇന്ത്യക്കാര്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

ടെക്‌സാസിലാണ് അപകടം. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കുകയാണ് അധികൃതര്‍.

ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഷും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാന്‍ ബെന്റണ്‍വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള അമ്മാവനെ കാണാന്‍ പോകുകയായിരുന്നു. അവര്‍ ഒരു കാര്‍പൂളിംഗ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്ര ചെയ്തത്. ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി വാസുദേവന്‍ തമിഴ്‌നാട് സ്വദേശിയാണ്.

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യന്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ‘യുവാക്കളുടെ മാതാപിതാക്കള്‍ മെയ് മാസത്തില്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ ദാനത്തിനായി യുഎസില്‍ ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം, അവര്‍ മകനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം കൂടി യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്യന്‍ പറഞ്ഞു. വിധി ഇങ്ങനെയാണ് സംഭവിച്ചത്.’ -ബന്ധു പറഞ്ഞു.

അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയുടെ പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന് തീപിടിച്ച് യാത്രക്കാരെല്ലാം വെന്തുമരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top