ഉത്തർപ്രദേശ്: അമിത മദ്യപാനത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മുനീഷ് സക്സേന എന്ന ആളാണ് ഭാര്യ ഷാനോ (40)യെ ജീവനോടെ ചുട്ടുകൊന്നത്. ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്ത ശേഷം ഷാനോയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു. ഇയാൾ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാൻ തുടങ്ങുന്നത് തടഞ്ഞതാണ് തർക്കത്തിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് തൻ്റെ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് ഷാനോയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അലോക് പ്രിയദർശി പറഞ്ഞു.
ദമ്പതികളുടെ മക്കളായ സണ്ണി (8), അർജുൻ (5) എന്നിവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ പൊള്ളലേറ്റ ഷാനോയെ രക്ഷിക്കാനായില്ല. നിലവിൽ ഒളിവിലുള്ള സക്സേനയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.