ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലുവരെ നാലു മണിക്കൂർ രാജ്യമെമ്പാടും ട്രെയിൻ തടയാനാണ് പഞ്ചാബിൽനിന്ന് ‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് ട്രെയിൻ തടയൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഡൽഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകളാണ് ഇന്നത്തെ ട്രെയിൻ തടയൽ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാർച്ചിന്റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാൻ മോർച്ചയിലെ ചില കർഷക സംഘടനകളും ഞായറാഴ്ചത്തെ പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാണയിലും ഇതു ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കാത്തതിനാൽ കേന്ദ്രത്തെ കർഷകരുടെ ശക്തിയറിയിക്കാനാണ് ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധമെന്ന് കർഷകനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു.