India

കേന്ദ്ര സർക്കാരിനെതിരെ കർഷക-തൊഴിലാളി സംഘടനകൾ; ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കർഷക-തൊഴിലാളി സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റേത് കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഫെബ്രുവരി 16 ലെ ഗ്രാമീൺ ബന്ദിൽ വ്യവസായ ശാലകൾ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച എംഎസ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്നും ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ആവശ്യം കൺവെൻഷൻ ആവർത്തിച്ചു. ചെറുകിട, ഇടത്തരം കർഷക കുടുംബങ്ങൾക്കുള്ള വായ്പ എഴുതിത്തള്ളൽ ആവശ്യപ്പെട്ടാണ് സമരം.

ഈ മാസം 10 മുതൽ 20 വരെ വീടുകൾ കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് എന്നും നേതാക്കൾ ആരോപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ ജലന്ധറിൽ നടന്ന അഖിലേന്ത്യ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കാർഷിക മേഖലയിൽ ബദൽ നയങ്ങൾ തേടാനും തീരുമാനമുണ്ട്. ഫെബ്രുവരി 16ന് വ്യവാസായിക മേഖലയിൽ സമരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ബുധനാഴ്ച ചർച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top