Kerala

സബ്സിഡി ഇനത്തിൽ കർഷകർക്കു കിട്ടാനുള്ളത് കോടികൾ; കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച സർക്കാർ നടപടിക്കെതിരെ വിമർശനം. പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപയാണ് കർഷകർക്ക് കുടിശികയുള്ളത്. അതിനിടെയാണ് മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന് തുക അനുവദിച്ചാതെന്നാണ് വിമർശനം. ആലപ്പുഴയിൽ അടുത്ത മാസം രണ്ടിനാണ് പരിപാടി.

ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റ വകയിൽ നൽകാനുള്ളത് കോടികള്‍, പമ്പിംഗ്സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും ഉള്ളത് കോടികളുടെ കുടിശ്ശികയാണ്. ഇതിനിടെയാണ് കാർഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിക്കൽ തീരുമാനം വരുന്നത്. നവകേരള സദസ്സിൻ്റെ തുടർച്ചയായ പരിപാടിക്കാണ് ചെലവ്. ഇതിൽ 20 ലക്ഷം കൃഷിവകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നാണ് നൽകുന്നത്. ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് ഉത്തരവ്. മുഖാമുഖത്തിനൊപ്പം പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.

നേരത്തെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മുഖാമുഖത്തിൻ്റെ പന്തൽ നിർമ്മിക്കാൻ 18 ലക്ഷം അനുവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ ഫണ്ടിൽ നിന്നായിരുന്നു പണം നൽകിയത്. കൊട്ടിഘോഷിച്ചുള്ള മുഖാമുഖത്തിനിടെ പ്രമുഖരുടെ പല ചോദ്യങ്ങളോടും മുഖ്യമന്ത്രി കയർത്തും പരിഹസിച്ചും മറുപടി നൽകിയതും വിവാദമായിരുന്നു. നവകേരള സദസ്സും മുഖാമുഖവും ധൂർത്താണെന്ന പ്രതിപക്ഷ ആക്ഷേപത്തിനിടെയാണ് വീണ്ടും വീണ്ടും പല വകുപ്പുകളിൽ നിന്നും പണം നൽകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top