Kerala
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസിലെ പ്രതി എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഭാരവാഹിയായ എം ജെ രഞ്ജു.
കേസില്‍ എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി എം ജെ രഞ്ജു ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന എം ജെ രഞ്ജു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനാണ്. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എം ജെ രഞ്ജുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞിട്ടുണ്ട്.