India

ബാഗിനുള്ളിൽ ബീഫ് ഉണ്ടെന്നാരോപിച്ച് ദലിത് സ്ത്രീയെ ബസിൽ നിന്നും ഇറക്കിവിട്ടു; ജീവനക്കാർക്ക് സസ്‌പെൻഷൻ

Posted on

ധർമ്മപുരി: ബാഗിനുള്ളിൽ ബീഫ് ഉണ്ടെന്നാരോപിച്ച് ദലിത് സ്ത്രീയെ ബസിൽ നിന്നും വഴിയിലിറക്കിവിട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. 59 വയസുകാരിയായ ദലിത് സ്ത്രീയെ അപരിചിതമായ പ്രദേശത്ത് ബസ് ജീവനക്കാർ ഇറക്കിവിടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഹരൂർ-കൃഷ്ണഗിരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം.

ധർമപുരി ജില്ലയിലെ മൊറപ്പൂർ ബ്ലോക്കിലെ നവലൈ ഗ്രാമവാസിയായ പാഞ്ചലൈ എന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ഹരൂരിൽ നിന്ന് ബീഫ് വാങ്ങി നാടായ നവലൈയിൽ വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്നു പാഞ്ചലൈ. കൈവശമുള്ളത് ബീഫ് ആണെന്നറിഞ്ഞതോടെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് നിർബന്ധിച്ച് ഇറക്കിവിടുകയായിരുന്നു.

സഹയാത്രികരൊന്നും പരാതിയോ ആക്ഷേപമോ ഉന്നയിക്കാതെ ജീവനക്കാർ സ്വയം തീരുമാനിച്ചാണ് ദലിത് സ്ത്രീയെ അപമാനിച്ചിറക്കി വിട്ടതെന്ന് സഹയാത്രികൾ പറഞ്ഞു. അടുത്ത ബസ് സ്റ്റോപ്പ് വരെയെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് താൻ അവിടെ ഇറങ്ങിക്കൊള്ളാമെന്നും പാഞ്ചലൈ പറഞ്ഞുനോക്കിയെങ്കിലും ഡ്രൈവറും കണ്ടക്ടറും ചെവിക്കൊണ്ടില്ല.

ഇവ​രെ ഇറക്കിവിട്ടതറിഞ്ഞ് മൊറപ്പൂരിൽ ആളുകൾ സംഘടിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ടി.എൻ.എസ്.ടി.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.ഡ്രൈവർ എൻ. ശശികുമാറിനെയും കണ്ടക്ടർ കെ. രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ധർമപുരി സോൺ മാനേജിങ് ഡയറക്ടർ എസ്. പൊൻമുടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version