എരുമേലി: ഭക്തിക്കൊപ്പം മതസൗഹാർദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. ശബരിമല തീർത്ഥാടനത്തിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് പേട്ടതുള്ളൽ. അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ച് തിന്മയ്ക്കു മേൽ നന്മകൊണ്ട് നേടിയ വിജയത്തിന്റെ ആഘോഷമാണ് ഈ പുണ്യനൃത്തം. ശബരിമല തീർത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളൽ നടത്തുന്നത്.
അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ സ്വർണത്തിടമ്പ് പൂജിക്കും. തുടർന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോൾ പേട്ടശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ടതുള്ളൽ തുടങ്ങും. ക്ഷേത്രത്തിൽനിന്നും പേട്ടതുള്ളി മസ്ജിദിൽ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളൽ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ പേട്ടശാസ്താ ക്ഷേത്രത്തിൽനിന്ന് തുടങ്ങും. യോഗം പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാർ ആലങ്ങാട് സംഘത്തെ നയിക്കും.