Kerala

എറണാകുളത്ത് സിപിഎം കളം പിടിക്കുമോ?, ആരാണ് ഷൈന്‍ ടീച്ചര്‍?

Posted on

കൊച്ചി: എറണാകുളം ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് സിപിഎം. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കു പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന രീതിയാണ് സിപിഎം നടത്തിയിരുന്നത് എങ്കില്‍ ഇത്തവണ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയായി. ചര്‍ച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാര്‍ട്ടിക്കുള്ളില്‍തന്നെ അത്ര ‘പ്രശസ്തയല്ലാത്ത’ കെ ജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന ഷൈന്റെ സ്ഥാനാര്‍ഥിത്വം സമുദായ സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്.

പാര്‍ട്ടിയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ തോതില്‍ അറിയപ്പെടുന്ന ആളല്ല കെ ജെ ഷൈന്‍. എന്നാല്‍ തന്റെ തട്ടകമായ വടക്കന്‍ പറവൂര്‍ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യമാണ് ഷൈന്‍. മികച്ച പ്രാംസംഗിക കൂടിയ ഇവര്‍ ഡെപ്യൂട്ടേഷനില്‍ സമഗ്ര ശിക്ഷ കേരളയില്‍ (എസ്എസ്‌കെ) ട്രെയിനറായി ജോലിചെയ്യുകയാണ്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിന്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ യുപി വിഭാഗം അധ്യാപികയായിരിക്കെയാണ് ഡെപ്യൂട്ടേഷനില്‍ പോയത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തട്ടകത്തില്‍ നിന്നാണ് വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. സിപിഎം പറവൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷൈന്‍, കോട്ടപ്പുറം രൂപതയിലെ കെസിഎസ്എല്‍, കെസിവൈഎം സംഘടനാ പ്രവര്‍ത്തകയുമായിരുന്നു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റു കൂടിയായ ഷൈന്‍ നിലവില്‍ കെഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി 3 വട്ടം വിജയിച്ച ഷൈന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കൂടിയാണ്. ഗോതുരുത്ത് കോണത്ത് പരേതനായ ജോസഫിന്റെയും മേരിയുടെയും മകളാണ്. റിട്ട. സീനിയര്‍ സൂപ്രണ്ട് കൂനമ്മാവ് വാഴപ്പിള്ളി ഡൈന്യൂസ് തോമസാണു ഭര്‍ത്താവ്. എച്ച്ഡിഎഫ്‌സി ബാങ്ക് പച്ചാളം ശാഖയില്‍ അസി. മാനേജരായ ആരോമല്‍, എംബിബിഎസ് വിദ്യാര്‍ഥി അലന്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ആമി ഷൈന്‍ എന്നിവരാണ് മക്കള്‍.

നേരത്തേ, മുന്‍ എം പി കെ വി തോമസിന്റെ പേരുള്‍പ്പെടെ സിപിഎം പരിഗണിക്കുന്നവരുടേതായി പുറത്തു വന്നിരുന്നു. വടകരയില്‍ കെ കെ ശൈലജയ്ക്കു പുറമെ സംസ്ഥാനത്തു മറ്റൊരു വനിതാ സ്ഥാനാര്‍ഥിയെ കൂടി മത്സരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version