എറണാകുളം ചോറ്റാനിക്കരയില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ചോറ്റാനിക്കര എരുവേലിയിലെ അടഞ്ഞു കിടന്ന മംഗലശ്ശേരി വീട്ടിനുള്ളിലാണ് മൂന്ന് കിറ്റുകളിലായി അസ്ഥികൂടം കണ്ടത്തിയത്.
കൈവിരലുകള്‍, കാല്‍വിരലുകള്‍, തലയോട്ടി എന്നിവ പ്രത്യേകമായി പൊതിഞ്ഞാണ് കിറ്റുകളിലാക്കിയിരിക്കുന്നത്. പുതുവത്സരത്തോട് അനുബന്ധിച്ച് ഈ വീട്ടില്‍ സാമൂഹ്യവിരുദ്ധര്‍ മദ്യപാനം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
എറണാകുളത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പതിനഞ്ച് വര്‍ഷമായി വീട്ടിലേയ്ക്ക് താന്‍ തീരെ പോകാറില്ലെന്ന് ഡോ ഫിലിപ്പ് ജോണ്‍ പ്രതികരിച്ചു. ഇരുപത്തിയഞ്ച് വര്‍ഷമായി ഇവിടെ താമസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിന് ക്രമീകരിക്കുന്ന രീതിയിലാണ് അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും പരാതിയെ തുടര്‍ന്ന് പൊലീസ് വൈകിട്ട് വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികള്‍ മനുഷ്യന്റേത് തന്നെയാണെന്നും ഏറെ നാളത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.