Kerala
ഇപി യുമായി മൂന്ന് തവണ ചർച്ച നടത്തി, അവസാന ചർച്ച നടന്നത് ജനുവരി രണ്ടാം വാരം, പുതിയ വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ
എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍. അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറിയതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശോഭ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള മെമ്പര്‍ഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനറായി താന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രിസിലെയും സിപിഎമ്മിലെയും പല നേതാക്കളുമായി ബന്ധപ്പെട്ടത്. ഇപി ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് ജനുവരി രണ്ടാം വാരത്തില്‍ ന്യൂഡല്‍ഹിയിലാണ് നടന്നതെന്നും ശോഭ പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് അദ്ദേഹം പിന്‍വാങ്ങിയതെന്ന് താന്‍ കരുതുന്നുവെന്ന് ശോഭ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. നന്ദകുമാര്‍ തന്നെയാണ് വിവരങ്ങള്‍ പിണറായി വിജയന് ചോര്‍ത്തി നല്‍കിയതെന്ന് താന്‍ കരുതുന്നു. രണ്ടുവശത്തും നിന്ന് പണം വാങ്ങുകയായിരുന്നു നന്ദകുമാറിന്റെ ശ്രമം. അദ്ദേഹം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പണം നല്‍കി ആളുകള്‍ക്ക് പദവി നല്‍കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും താന്‍ പറഞ്ഞിരുന്നു. ജയരാജനുമായി പാര്‍ട്ടി നേതൃത്വം നടത്തുന്ന നേരിട്ട ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ശോഭ പറഞ്ഞു. ആദ്യതവണ നന്ദകുമാറിന്റെ വീട്ടില്‍ വച്ചാണ് ജയരാജനെ കണ്ടത്. നന്ദകുമാറിനൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയതെന്നും താന്‍ മറ്റൊരുവിമാനത്തിലും അവിടെ എത്തുകയായിരുന്നെന്നും ശോഭ പറഞ്ഞു