തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ.
ഇപിക്കെതിരായ റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തുവെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ ചോദിച്ചു. വൈദേകം റിസോർട്ടിനെപ്പറ്റി നൽകിയ പരാതി എന്തായെന്ന പി ജയരാജന്റെ ചോദ്യത്തിന് പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നായിരുന്നു നേതൃത്വം നൽകിയ മറുപടി.
ഇ പി ജയരാജൻ്റെ കുടുംബത്തിന് നിക്ഷേപമുള്ള സ്ഥാപനമാണ് വൈദേകം റിസോർട്ട്. 2022 നവംബറിലെ സംസ്ഥാന സമിതിയിൽ പി ജയരാജൻ റിസോർട്ടിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. എഴുതി തന്നാൽ പരിശോധിക്കാം എന്നായിരുന്നു അന്ന് നേതൃത്വം നൽകിയ മറുപടി.