Politics

സെക്രട്ടേറിയറ്റ് തീരുമാനത്തിനും പുല്ലുവില; പാർട്ടി പരിപാടികൾ ബഹിഷ്കരിച്ച് ഇപി

Posted on

പാർട്ടി പരിപാടികൾ ബഹിഷ്ക്കരിക്കുന്നത് തുടർന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ. മുന്നണി കൺവീനർ സ്ഥാനത്തുനിന്നും നീക്കിയ ശേഷം അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചത് ഒഴിച്ചാൽ മറ്റ് പരിപാടികളിൽ നിന്നും ഇപി വിട്ടു നിൽക്കുകയാണ്. പാർട്ടി സംഘടിപ്പിച്ച അഴിക്കോടൻ രാഘവൻ അനുസ്മരണത്തിലും മുതിർന്ന നേതാവിൻ്റെ അസാന്നിധ്യം ശ്രദ്ധേയമായി.

ഇന്ന് പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങിൽ ജയരാജൻ എത്തുമെന്നാണ് ജില്ലാ കമ്മറ്റി പറയുന്നത്. എന്നാൽ ഇപി എംഎം ലോറൻസിൻ്റെ മരണവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചസംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അഴിക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കേണ്ടവരായി എ വിജയരാഘവൻ, ഇപി ജയരാജൻ, പികെശ്രീമതി എന്നിവരെ നിശ്ചയിച്ചത്.

കഴിഞ്ഞ 23 ദിവസങ്ങൾക്കിടയിൽ പാർട്ടി സംഘടിപ്പിച്ച എല്ലാ പരിപാടികളിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുകയാണ്. പാർട്ടി കമ്മറ്റികളിലും പങ്കെടുത്തിട്ടില്ല. ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പാർട്ടി നിശ്ചയിച്ചെങ്കിലും പങ്കെടുക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആയൂർവേദ ചികിത്സയിലായിരുന്നു എന്നാണ് ജയരാജൻ നൽകിയ വിശദീകരണം.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ട വിഷയത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയത്. ഇതിൽ കടുത്ത അമർഷം അദ്ദേഹത്തിനുണ്ടെങ്കിലും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിരുന്നില്ല. പാർട്ടി നടപടിയോട് തൻ്റെ വിയോജിപ്പ് പറയാതെ പറയുന്നതിൻ്റെ ഭാഗമാണ് ഈ ബഹിഷ്ക്കരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version