തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി എകെജി സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഇ.പി.ജയരാജന് പാർട്ടി നിർദ്ദേശം. എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് നിന്നിരുന്ന ഇ.പി.ജയരാജൻ ഇനി മുതൽ എകെജി സെന്‍ററിൻെറ ചുമതലകളിലും സജീവമാകും.
കണ്ണൂർ പാർട്ടികോണ്‍ഗ്രസിന് ശഷം സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പാർട്ടി ചുമതല പങ്കുവച്ചപ്പോള്‍ എകെജി സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മൂന്നു പേരെയാണ് ചുമതലപ്പെടുത്തിയത്. ഇ.പി, എകെ. ബാലൻ, പുത്തലത്ത് ദിനേശൻ. മുതിർന്ന നേതാവെന്ന നിലയിൽ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും ഇപിക്കായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തിന് ശേഷം എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കും പി.ബി.അംഗത്വത്തിലേക്കും വന്നതോടെ ഇപി ഉടക്കി. സീനിയോറ്റി വച്ച് സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടത് താനാണെന്നും പാർട്ടി നേതൃത്വം തഴഞ്ഞെന്നും പറഞ്ഞായിരുന്നു ഇപിയുടെ ഒഴിവാകൽ. എൽഡിഎഫ് യോഗത്തിനും അത്യാവശ്യം സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്കും വന്നു പോകുന്നയാളായി ഇപി മാറി. മുഖ്യമന്ത്രി വിളിച്ച് ചർച്ച നടത്തിയെങ്കിലും ഇപി വഴങ്ങിയില്ല.