Kerala
ജാവദേക്കര്‍ വന്നത് ചൂണ്ടയിടാനല്ല; ശോഭ പറഞ്ഞത് കള്ളം, ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍
കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജാവദേക്കര്‍ വന്നത് ചൂണ്ടയിടാനല്ലെന്നും തന്നെ മാത്രമല്ല, മറ്റ് പ്രതിപക്ഷ നേതാക്കളെയും സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാവദേക്കര്‍ തന്നെ സന്ദര്‍ശിച്ചത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും വിഷയത്തില്‍ കള്ളം പറയുന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാടെന്നും ഇ പി വ്യക്തമാക്കി.
‘ജാവദേക്കര്‍ വന്നത് ചൂണ്ടയൊന്നും കൊണ്ടല്ല. അദ്ദേഹം പരിചയപ്പെടാന്‍ വന്നതാണ്. എന്നെ മാത്രമല്ല കുഞ്ഞാലിക്കുട്ടി, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി എല്ലാ നേതാക്കളെയും കണ്ടിട്ടുണ്ട്. പോകുന്ന വഴി എന്നെ പരിചയപ്പെടാന്‍ എന്ന് പറഞ്ഞാണ് വന്നത്. അദ്ദേഹം വന്നു, കണ്ടു പോയി, അഞ്ച് മിനുറ്റ് മാത്രമേയെടുത്തുള്ളൂ. അത്രയും സമയം മാത്രമേ ഞങ്ങള്‍ ഉണ്ടായുള്ളു, ഇത് ദുര്‍വ്യാഖ്യാനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഒന്നര വര്‍ഷം മുമ്പാണ് സംഭവം.
എന്നാല്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാല് ദിവസം തന്നെ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്ത നല്‍കിയിരുന്നു. അവര്‍ എന്റെയടുത്ത് സ്ഥിരീകരിക്കാന്‍ വന്നു. എനിക്ക് കള്ളം പറയാന്‍ അറിയില്ല. കണ്ടോയെന്ന് ചോദിച്ചാല്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മൗനം ശരിയായി വരും. കണ്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് തെളിയിക്കാന്‍ പോകും. കള്ളം പറയലല്ല, സത്യം പറയലാണ് ശരി, ആ നിലക്ക് ഞാന്‍ കണ്ടെന്ന് പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.