ആർ എസ് എസ്സുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനും അമ്മയും സഹോദരിയുമുണ്ടെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജൻ. ആർഎസ്എസും കോൺഗ്രസ്സും നടത്തുന്ന അക്രമങ്ങൾ മാധ്യമങ്ങൾ കാണുന്നില്ലെന്നും ഇപി പറഞ്ഞു. റിജിത്ത് വധക്കേസിൽ വിധി വന്നതിന് പിന്നാലെ റിജിത്തിൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിന് ശേഷമായിരുന്നു ഇപി ജയരാജൻ്റെ പ്രതികരണം.
കണ്ണൂർ കണ്ണപുരത്തെ വീട്ടിലെത്തിയാണ് ഇപി ജയരാജൻ റിജിത്തിൻ്റെ കുടുംബാംഗങ്ങളെ കണ്ടത്. റിജിത്ത് വധക്കേസിൽ ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു ഇപിയുടെ സന്ദർശനം.
റിജിത്തിൻ്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തെയാണ് ആർ എസ് എസ് അനാഥമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മകൻ്റെ വേർപ്പാടിൽ മനംനൊന്ത് ഉരുകിയുരുകിയാണ് റിജിത്തിൻ്റെ അച്ഛൻ രണ്ട് വർഷം മുൻപ് മരിച്ചത്. റിജിത്തിനും അമ്മയും സഹോദരിയും ഉണ്ട് എന്ന കാര്യം ഓർക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.