ഇടുക്കി: കാട്ടാനയുടെ മുന്നിൽപ്പെട്ട് ഓടിരക്ഷപ്പെടുന്നതിനിടെ വീണ് യുവാവിന് പരിക്ക്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈലിന് സമീപം കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടത്. ഇവിടുത്തെ താമസക്കാരനായ പ്രശാന്ത് അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ആനയെ കണ്ട് പരിഭ്രാന്തിയിലായ പ്രശാന്ത് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ ആന പിന്നാലെ എത്തുകയുമായിരുന്നു. കഷ്ടിച്ചാണ് പ്രശാന്ത് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ കുത്തിമറിച്ചിട്ട പന ഭക്ഷിച്ചുകൊണ്ട് നിൽക്കുമ്പോൾ ഇതറിയാതെ ഇതുവഴി വന്ന പ്രശാന്തിനെയാണ് ആന ആക്രമിക്കുവാൻ ശ്രമിച്ചത്.
രക്ഷപ്പെടുന്നതിനിടയിൽ പ്രശാന്തിന് വീണ് കാൽ മുട്ടിന് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പ്രശാന്തിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയപാതക്ക് സമീപം വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ യാത്രക്കാർ ഭീതിയിലാണ്.