Kerala
അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
തൃശൂർ: അതിരപ്പിള്ളി വാഴച്ചാലിൽ കാറിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കുന്ദംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിനു നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വാൽപ്പാറയിലേക്ക് പോവുകയായിരുന്നു ഇവർ.
കാറിന് നേരെ പാഞ്ഞടുത്ത കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ കാർ ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അഞ്ച് പേരായിരുന്നു കാറിന് അകത്തുണ്ടായിരുന്നത്.
അതേസമയം മലപ്പുറം പുതിയങ്ങാടിയില്‍ ആനയിടഞ്ഞ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തതിന് ജില്ലാ കളക്ടറെ ഹൈക്കോടതി വിമര്‍ശിച്ചു. കോടതി പറഞ്ഞ കാര്യം ചെയ്യാനാവില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. നാട്ടാനകളുടെ സര്‍വേ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നൽകണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി നൽകി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.