കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. പൂനൂര് ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്കൂട്ടര്‍ ആണ് കത്തി നശിച്ചത്. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്കൂട്ടറിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് സംഭവം. സ്ഥാപനത്തിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയും നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് പിടിക്കുകയും ചെയ്തു.
ഓടിക്കൂടിയ ആളുകള്‍ വെള്ളവും മണ്ണും ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഒന്നരലക്ഷം രൂപയോളം മുടക്കി 2022 മെയ് മാസത്തിലാണ് നിസാം കൊമാകി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയത്. കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് കമ്പനിയില്‍ നിന്നും പരിശോധന നടത്താനായി എത്തുമെന്ന് അറിയിച്ചതായി നിസാം പറഞ്ഞു. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.