തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ് ജ്യോതിനാഥിന്റെ നിയമനത്തിൽ ആശയക്കുഴപ്പം. ഇതേ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ മറ്റൊരു ഒഴിവിലേക്ക് നിയമിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
സഞ്ജയ് കൗൾ ആയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. അദ്ദേഹം കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോയതോടെയാണ് ഒഴിവ് വന്നത്. ഇതിലായിരുന്നു പ്രണബ് ജ്യോതിനാഥിന്റെ നിയമനം. ഇന്നലെ പ്രണബിനെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ ഇതേ ഉദ്യോഗസ്ഥനെ നാഷണൽ അലൂമിനിയം കമ്പനിയിൽ ചീഫ് വിജിലൻസ് ഓഫീസറായി കേന്ദ്രസർക്കാരും നിയമിച്ചു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. രണ്ട് തസ്തികകൾ ഒരേ സമയത്ത് ഒരാൾക്ക് വഹിക്കാൻ സാധ്യമല്ല.