India
ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്, ജനവിധി തേടുന്നത് അമിത് ഷാ അടക്കമുള്ള പ്രമുഖർ
ന്യൂഡൽഹി: ഇന്ന് രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ബിഹാർ, മഹാരാഷ്ട്ര, അസം, ഛത്തീസ്ഗഢ്, ഗോവ, പശ്ചിമബംഗാൾ, ജമ്മു, കാശ്മീർ എന്നീ സംസ്ഥാനങ്ങൾക്കു ദാദ്ര നാഗർ ഹാവേലി, ദാമൻ ദിയു എന്നിവിടങ്ങളിലാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മുന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നു. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സ്കൂളുകളും കോളേജുകളും അടച്ചിടും. പോളിങ് ഓഫീസർമാരുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടിയാണിത്. രണ്ടാംഘട്ടത്തിൽ ബിഎസ്പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ബേതുൽ മണ്ഡലത്തിലെ വോട്ടെടുപ്പ് ഇന്ന് നടത്തും.
മൂന്നാം ഘട്ട വോട്ടെടുപ്പിൽ മത്സര രംഗത്തുള്ളത് 1351 സ്ഥാനാർത്ഥികളാണ്. ഈ മണ്ഡലങ്ങളിൽ ആകെ 2,963 നോമിനേഷൻ വന്നിരുന്നു. ഇതിൽ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ 1,563 സ്ഥാനാർത്ഥികളാണ് അവശേഷിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മത്സരിക്കുന്നത്. ഡിംപിൾ യാദവ് ഉത്തർപ്രദേശിലെ മൈൻപുരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.